റേഷൻ കടകളിൽ വാതിൽപ്പടി വിതരണത്തിന് സപ്‌ളൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 317 കോടി രൂപയായി വർദ്ധിച്ചു. വാഹന കരാറുകാർക്ക് സപ്‌ളൈകോ മൂന്നു മാസമായി വാടക നൽകുന്നില്ല. 63 കോടിയാണ് ഇവർക്കു കിട്ടാനുള്ളത്. ഇതോടെ വിതരണം നിറുത്തിവയ്ക്കാനാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം.
ഈ മാസത്തെ വിതരണം പൂർത്തിയായിക്കഴിഞ്ഞാൽ പിന്മാറുമെന്നാണ് സൂചന. ഇതോടെ റേഷൻകടകളുടെ പ്രവർത്തനം നിശ്ചലമാകും. ജനങ്ങൾക്ക് റേഷൻ കിട്ടാതാവും. വാഹന കരാറുകാർക്കുള്ള തുക,ഗോഡൗൺ വാടക, തൊഴിലാളികൾക്കുള്ള കൂലി ഉൾപ്പെടെയാണ് ‘വാതിൽപ്പടി’ തുക. ഈ ഇനത്തിൽ സർക്കാർ 2020-21 മുതൽ സപ്‌ളൈകോയ്ക്ക് നൽകാനുള്ള കുടിശ്ശികയാണ് 317 കോടി. ഒരു മാസത്തെ ചെലവ് 21 കോടിയാണ്.